ആൺകുട്ടികൾ കരയുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ..?
ജീവിതത്തിന്റെ ഏറ്റവും പ്രധാനപെട്ട അവസ്ഥകളിലല്ലാതെ ഞങ്ങൾ കരയാറില്ല... അമ്മയുടെ തല്ലുകൊണ്ട് കരയുന്ന ചെറുപ്രായത്തിൽ അല്ലാതെ പിന്നെ കരയുന്നത് ആദ്യ സ്കൂൾ ദിവസത്തിലായിരിക്കും..
ആൾകൂട്ടത്തിനിടയിൽ കൈവിട്ടുപോയ അമ്മയെ തിരഞ്ഞ് കരയുന്നത് സ്വാഭാവികമാണെങ്കിലും, വിട്ടുപിരിഞ്ഞ് പള്ളി സെമിത്തേരിയിലേക്ക് അമ്മ പോകുമ്പോൾ ആരും കാണാതെ ഒറ്റയ്ക്കാ കല്ലറക്കരിൽ നിന്നു വിതുമ്പാറുണ്ട് ഞങ്ങൾ..
പ്രണയിച്ചവൾ ഹൃദയം തകർത്തെറിഞ്ഞു പോകുമ്പോൾ കൂളായി സുഹൃത്തുക്കളുടെ മുൻപിൽ നിൽക്കുമ്പോഴും ഇടക്കാരും കാണാതെ കരയുന്നവരുമുണ്ട്..
പ്രിയപ്പെട്ട ഭാര്യ പ്രസവ വേദനയാൽ ലേബർ റൂമിൽ പുളയുമ്പോൾ മനസ്സിൽ ഗർഭം ചുമന്ന് അങ്ങോട്ടുമിങ്ങോട്ടും നടന്ന ശേഷം മുഖം കഴുകട്ടെയെന്ന വ്യാജേന ബാത്രൂമിന്റെ മതിൽകെട്ടിനുള്ളിൽ നീറുന്ന പുരുഷ ജന്മങ്ങളുമുണ്ട്...
സുഖകരമായ് പ്രസവം പൂർത്തിയാക്കി പൊന്നു മകളെ നേഴ്സ് കൈകളിൽ വെച്ചു തരുമ്പോൾ പുഞ്ചിരിച്ചുകൊണ്ട് കണ്ണുനിറക്കുന്ന അവസ്ഥകളുമുണ്ട് ഞങ്ങൾക്ക്...
മറ്റൊരു നാട്ടിലേക്ക് ജോലിക്കായ് വീടിന്റെ പടിയിറങ്ങി സലാം പറഞ്ഞു മുന്നോട്ട് നടന്നുനീങ്ങുമ്പോൾ ഞങ്ങൾ തിരിഞ്ഞു നോക്കാറില്ല..പകരം കയ്യിലെ ടവ്വലിൽ കാണാം കണ്ണീർ തുടച്ച പാടുകൾ...
പൊന്നുമകളുടെ ഫോട്ടോയും വീഡിയോകളും വാട്സ് ആപ്പ് വഴി കൈകളിലെത്തുമ്പോൾ ആരും കാണാതെ രാത്രിയുടെ യാമങ്ങളിൽ മൊബെയിലിനെ തുരുതുരാ ചുമ്പിച്ച് വിതുമ്പാറുണ്ട് ഞങ്ങൾ പുരുഷന്മാർ...
പൊന്നുമോളെ ഒരുവന്റെ കൈപിടിച്ചേൽപ്പിച്ചിറങ്ങുന്ന സമയത്ത് ആരും കാണാതെ ഹാളിന്റെ പിന്നാമ്പുറത്തേക്കൊരു നടത്തമുണ്ട് അപ്പന്റെ..നെഞ്ചുരുകി ഒലിക്കുന്നത് ആരും കാണാതിരിക്കാനായിട്ടാണത്..
വളർച്ചയെത്തിയ മക്കളാൽ നാട്ടുകാരിൽ നിന്നും കേൾക്കുന്ന അപവാദങ്ങളെ ഇല്ലാതാക്കാൻ പ്രാർത്ഥിക്കുന്ന പുരുഷ ആയുസ്സുകളുമുണ്ട്...
ആണുങ്ങൾ കരയുകയോ..? അയ്യേ അത് പാടില്ല, ആരും കാണാനേ പാടില്ല, കാരണം കല്ലുപോലെയുള്ള പുരുഷനെന്ന നാമം ഉള്ളിലൊതുക്കി പുഞ്ചിരിക്കാനേ അറിയൂ... അല്ലെങ്കിൽ ഞാൻ ഒന്നു കരഞ്ഞാൽ നിങ്ങൾ പറയും
✨✨നീയൊരു ആണല്ലേടായെന്ന്.....✨✨
No comments:
Post a Comment